വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 30 കുടുംബങ്ങള്‍ക്ക് വീട് നിർമ്മിച്ചു നല്‍കും | VIDEO

 

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ്. വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലും വീട് നഷ്ടപ്പെട്ട 30 കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വീട് വെച്ചു നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. വയനാട്ടിലെ മനുഷ്യരെ ചേർത്തുനിർത്തുകയാണ് യൂത്ത് കോണ്‍ഗ്രസെന്നും
ഈ ദുരന്തവും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

“ഒരു രാത്രി സർവ്വവും നഷ്ടപ്പെട്ട ആ നാടിനോടും നാട്ടുകാരോടും ചേർന്ന് നിൽക്കുക എന്നത് ഒരു യുവജനപ്രസ്ഥാനത്തിന്റെ കടമയാണെന്ന് യൂത്ത് കോൺഗ്രസ് വിശ്വസിക്കുന്നു. തങ്ങളുടെ ജീവിത സമ്പാദ്യവും ജീവനോട് ചേർന്നു നിൽക്കുന്ന മനുഷ്യരും ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ട ആ നാട്ടുകാർക്ക് എത്ര തന്നെ നൽകിയാലും അത് അവരനുഭവിച്ച വേദനയ്ക്ക് പകരമാകില്ലെന്നറിയാം. ദുരന്തം നടന്ന ഉടനെ അവിടേക്ക് വിവിധ നാടുകളിൽ നിന്ന് മനുഷ്യസ്നേഹികൾ ഒഴുകിയെത്തിയിട്ടുണ്ട്.
വയനാടിനെ ഏറെ സ്നേഹിക്കുന്ന ശ്രീ രാഹുൽ ഗാന്ധി, പ്രസ്ഥാനം അവരെ ചേർത്തുനിർത്തുമെന്ന് ഉറപ്പു നൽകിക്കൊണ്ട് നൂറു വീടുകൾ കോൺഗ്രസ് നൽകുമ്പോൾ അതിനോട് ചേർന്നുനിൽക്കുകയാണ് യൂത്ത് കോൺഗ്രസും.” – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ദുരിതമനുഭവിക്കുന്ന ജനതയ്ക്കുള്ള അവശ്യസാധനങ്ങളും വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്തുനിന്ന് പുറപ്പെട്ടു. കെപിസിസി ആസ്ഥാനത്തുനിന്നാണ് യൂത്ത് കോൺഗ്രസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്ത് സമാഹരിച്ച എല്ലാവിധ അവശ്യ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളുമായിട്ടാണ് ആദ്യ സംഘം പുറപ്പെട്ടത്. വരും ദിവസങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട്ടിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ പറഞ്ഞു.

 

Comments (0)
Add Comment