കണ്ണൂർ ആലക്കോട് മലയോര ഹൈവേയിലെ കൂടപ്രത്ത് റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതിനെ തുടർന്ന് കുന്നിടിഞ്ഞ് എസ് സി കോളനിയിലെ വീടുകൾ അപകടാവസ്ഥയിൽ. കൂടപ്രത്ത് മൺതിട്ടയിടിഞ്ഞ് എസ് സി കോളനിയിലെ പതിനൊന്ന് വീടുകളാണ് അപകടാവസ്ഥയിലായത്.
ആലക്കോട് പഞ്ചായത്തിലെ കൂടപ്രം വാർഡിലാണ് പതിമൂന്ന് എസ്.സി കുടുംബങ്ങൾ താമസിക്കുന്ന കല്ലങ്കോട് പഞ്ചായത്ത് കോളനി. മലയോര ഹൈവേയുടെ പ്രവർത്തിയുടെ ഭാഗമായാണ് ഈ ഭാഗത്തെ മണ്ണ് എടുത്ത് മാറ്റിയത്. ശക്തമായ മഴ പെയ്തതോടെയാണ് മലയോര ഹൈവെയുടെ അരിക് ഇടിയാൻ ആരംഭിച്ചത്. തറയോട് ചേർന്ന് ഭൂമി വീണ്ടു കീറിയതിനാൽ വീടുകൾ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കോളനി നിവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന് മണ്ണ് നീക്കം ചെയ്ത നൂറ് മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയെങ്കിലും യാതൊന്നും നടപ്പായില്ല.
റോഡിൻ്റെ മെക്കാട് ടാറിംഗ് പ്രവൃത്തിയും മറ്റു നിർമ്മാണവും പൂർത്തീകരിച്ച് നിർമ്മാണ കമ്പനി സ്ഥലം വിട്ടു. പഞ്ചായത്ത് മെമ്പറും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിയിൽ വിള്ളൽ ഉണ്ടായ ഭാഗത്തു നിന്നും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
https://youtu.be/S2UyDKJ0_o0