ഫോൺകെണിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് ?; ആദ്യ കേസ് രജിസ്റ്റർ ചെയ്തു

Jaihind Webdesk
Friday, September 10, 2021

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥരടക്കം പൊലീസ് സേനയിലെ നിരവധി പേര്‍ മുള്‍മുനയിലായ ഫോണ്‍കെണി കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്ക് എതിരേ ആദ്യ കേസ്  പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം റൂറലിലെ എസ്ഐ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചല്‍ സ്വദേശിയായ യുവതി സൗഹൃദം നടിച്ച് കെണിയില്‍ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്.

രണ്ടു വര്‍ഷം മുമ്പ് ഈ യുവതി ഇതേ എസ്.ഐക്ക് എതിരേ മ്യൂസിയം പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. അതിനുശേഷം പരാതി പിന്‍വലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍കെണിയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാല്‍ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നല്‍കിയിട്ടില്ല.

യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഫോണ്‍കെണിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതിക്ക് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് എസ്ഐയുടെ പരാതി പാങ്ങോട് സ്റ്റേഷനില്‍ ലഭിച്ചത്.

പൊലീസ് ആസ്ഥാനത്തടക്കം ഈ പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയേക്കും.

തനിക്ക് പോലിസ് ഉന്നതരുമായി ബന്ധമൊന്നുമില്ലെന്ന് യുവതി പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു. സസ്പെന്‍ഷനിലായിരുന്ന സമയത്ത് ഇതേ പോലീസുകാരന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും അതിന്‍റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുക്കണമെന്ന് പറയുകയും ചെയ്തു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ സര്‍വീസില്‍ കയറിയാല്‍ നല്ലൊരു തുക പ്രതിഫലം നല്‍കാമെന്നാണ് ഇയാല്‍ പറഞ്ഞിരുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.