കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണി ട്രാപ്പും ; യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കും

Jaihind Webdesk
Thursday, July 8, 2021

കോഴിക്കോട് : കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണി ട്രാപ്പും. കരിപ്പൂരിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കിയാണ് തട്ടിപ്പ്. യാത്രക്കാരെ ഹോട്ടലിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്താണ് ഭീഷണി. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.

പെരിന്തൽമണ്ണ സ്വദേശി 2020 ജൂണിൽ  നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പ് സംഘത്തെ  പൊലീസ് വലയിലാക്കുന്നത്. ഗോവ, കർണാടക സ്വദേശികളായ സ്ത്രീകളെ ഉപയോഗിച്ചാണ് തട്ടിപ്പ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള യാത്രക്കാരെ നോട്ടമിടുന്ന സംഘം സ്ത്രീകളെ ഉപയോഗിച്ച് നേരത്തെ വിളിച്ചുവരുത്തും. വിമാനത്താവള പരിസരത്ത് മുറിയിൽ എത്തിച്ചശേഷം സ്ത്രീകള്‍ക്കൊപ്പം നിർത്തി ഫോട്ടോയെടുക്കും. തുടർന്ന് ഈ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ്.

സംഭവത്തിൽ കോഴിക്കോട് നല്ലളത്ത് പറവത്ത് നിഷാദ്, പെറുവല്ലൂർ സ്വദേശി യാക്കൂബ് എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ഈ കേസിൽ വേങ്ങര വാളക്കുട സ്വദേശി ഷിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിൽ കഴിയുകയാണ്. രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾ തട്ടിപ്പിനായി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തട്ടിപ്പിൽ യൂറോപ്പിൽ നിന്ന് എത്തിയ ഒരു യാത്രക്കാരന് ഒന്നര ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് വിവരം. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.