യുഎഇയില്‍ ഹോം ക്വാറന്‍റൈന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കും; രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദത്തില്‍ ആശങ്ക വേണ്ട; ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്

ദുബായ് : യുഎഇയില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെങ്കിലും, ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം, പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍, ഇപ്പോഴത്തെ വാക്‌സിനുകള്‍ക്ക് കഴിയുമെന്നാണ് വിശ്വാസമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍,  ഹോം ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ രാജ്യത്ത് കൂടുതല്‍ കര്‍ശനമാക്കുമെന്നും അറിയുന്നു.

വിദേശത്തുനിന്നു വന്ന ചിലരിലാണ്, യുഎഇയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇത് കുറച്ചുപേര്‍ക്കു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍, ഇപ്പോഴത്തെ വാക്‌സിനുകള്‍ക്ക് കഴിയുമെന്നും അധികൃതര്‍ കരുതുന്നു. ഇപ്പോഴത്തെ വാക്‌സിനുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് , ഒരു പഠനവും ലോകത്ത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍, പുതിയ കൊവിഡ് സംബന്ധിച്ച ആശങ്ക, യുഎഇയിലും ഇല്ലാതാകുമെന്ന് ആരോഗ്യമന്ത്രാലയം കണക്കാക്കുന്നു.

ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. 0.3% മാണ് യുഎഇയിലെ മരണ നിരക്ക്. ഡിസംബര്‍ 23 മുതല്‍ 29 വരെ 9 ലക്ഷം പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍, രാജ്യത്ത്  8,491 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതായത് , ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് യുഎഇയില്‍ കൊവിഡ് കണ്ടെത്തിയത്. എങ്കിലും, ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണമെന്നും അധികാരികള്‍ ഓര്‍മ്മിപ്പിച്ചു. ഇതിനായി, രാജ്യത്തിന് പുറത്തുനിന്നുള്ള എല്ലാവരും ഹോം ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍, മറ്റുള്ളവരുമായി ഇടപഴകരുത്. എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ആശുപത്രിയില്‍ പോകണമെന്നും മുന്നിറിയിപ്പില്‍ പറയുന്നു.

Comments (0)
Add Comment