വീടുകളില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യം കിട്ടാതെ അകത്താകും ; മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

Jaihind Webdesk
Tuesday, December 3, 2019

ഇത്തവണ ക്രിസ്തുമസ്, പുതുവത്സര സീസണില്‍ വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നവർ ജാഗ്രതെ. ജാമ്യം കിട്ടാതെ അകത്താകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്. ക്രിസ്തുമസ് പുതുവത്സര സീസണില്‍ വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്നും എക്സൈസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ക്രിസ്തുമസ്-പുതുവത്സര സീസണോടനുബന്ധിച്ച് മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജമദ്യനിർമാണം തടയാന്‍ അതിര്‍ത്തി ജില്ലകളില്‍  പ്രത്യേക നിരീക്ഷണം നടത്തും. വൈന്‍ വില്‍പന സംബന്ധിച്ച സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. വൈന്‍ നിർമാണം യൂട്യൂബില്‍ ഇട്ടാലും പണി കിട്ടും.

സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലിറ്റര്‍ എക്സൈസ് പിടികൂടി. യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു. വ്യാജമദ്യ വേട്ടയും വൈന്‍ നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ജില്ലാ അടിസ്ഥാനത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരില്‍ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും എക്സൈസ് അറിയിച്ചു.