യു.എ.ഇ താമസ വിസയുളളവര്‍ നാളെ മുതല്‍ മടങ്ങിയെത്തും : നാട്ടിലേക്ക് ഒരു നിരക്ക്, തിരിച്ചെത്താന്‍ മറ്റൊരു നിരക്ക് ; മടക്കയാത്രയ്ക്ക്   യു.എ.ഇ വിമാനക്കമ്പനികളും ; ആയിരങ്ങള്‍ക്ക് ആശ്വാസം | VIDEO

 

ദുബായ് : എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിന്നാലെ ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ കൂടി യു.എ.ഇയിലേക്ക് യാത്രക്കാരുമായി നാളെ ( ജൂലൈ 12 ) മുതല്‍ പറന്നെത്തും.  ഇതനുസരിച്ച് യു.എ.ഇ വിമാനക്കമ്പനികള്‍ വഴിയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇതോടെ കൊവിഡ് മൂലം ഇന്ത്യയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പേര്‍ക്ക് മടങ്ങിയെത്താന്‍ അവസരമായി. എന്നാല്‍ മടക്കയാത്രയ്ക്ക് വിമാനടിക്കറ്റ് കൂടുതലാണെന്ന പരാതി വ്യാപകമാണ്.

“പ്രവാസികള്‍ക്ക് മടങ്ങാന്‍ ജൂലൈ അവസാനം വരെ വിമാനം”

ജൂലൈ 12 ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് നേരത്തെ യാത്രക്കാര്‍ ഇല്ലാതെ പറന്ന വന്ദേഭാരത് മിഷന്‍ വഴിയുള്ള വിമാനങ്ങളില്‍ ഇനി യാത്രക്കാരെ കൊണ്ടുവരും. ജൂലൈ 12 മുതല്‍ 26 വരെയായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ 52 വിമാനങ്ങള്‍ വഴി മാത്രം 18,000 പേര്‍ ഇപ്രകാരം മടങ്ങിയെത്തും. ഇതിനുള്ള ബുക്കിംഗ് എയര്‍ ഇന്ത്യയില്‍ നടക്കുന്നു. ഇതോടൊപ്പം യു.എ.ഇയിലെ മറ്റ് വിമാനക്കമ്പനികളും ഇതുപോലെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് പോയി മടങ്ങി വരുമ്പോള്‍ യാത്രക്കാരെ കൊണ്ടുവരും. ജൂലൈ മാസം അവസാനം വരെ ഈ സംവിധാനം തുടരും. ആവശ്യം വന്നാല്‍ ഈ പ്രത്യേക സര്‍വീസ് ഓഗസ്റ്റ് മാസത്തിലും തുടര്‍ന്നേക്കാം.

പോകാന്‍ ഒരു നിരക്ക് ; മടങ്ങി വരാന്‍ മറ്റൊരു നിരക്ക്

യു.എ.ഇയിലേക്ക് വരുന്നവര്‍ ഫെഡറല്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതേസമയം  ദുബായിലുള്ളവര്‍ ജനറല്‍ റസിഡന്‍സി ഓഫ് ഫോറിന്‍ അഫയേഴ്‌സ് എന്ന ജി.ഡി.ആര്‍.എ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്താലും മതി.  ഇപ്രകാരം അനുമതി ലഭിച്ച ശേഷം മാത്രമേ വിമാന ടിക്കറ്റ് എടുക്കാവൂ. മടക്കയാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പ് പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മടക്ക യാത്രയില്‍ ആരോഗ്യവിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയാമെന്ന സമ്മതപത്രവും നല്‍കണം. ദുബായിലേക്ക് മടങ്ങി വരുന്നവര്‍ ദുബായ് സ്മാര്‍ട്ട് ആപ്പും മറ്റ് എമിറേറ്റിലേക്ക് എത്തുവര്‍ അല്‍ ഹൊസന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്ത് ആക്ടീവാക്കണം.  ഇന്ത്യയില്‍ കോവിഡ്  ലോക്ഡൗണ്‍ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇതുമൂലം മടങ്ങിയെത്താനാകും. അതേസമയം ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് ആക്ഷേപമുണ്ട്. യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ മറ്റൊരു നിരക്കും തിരിച്ചു വരാന്‍ മറ്റൊരു നിരക്കും എന്നത് പ്രവാസികളെ ചൂഷണം ചെയ്യാനാണെന്നും ആക്ഷേപം ശക്തമാണ്.

Comments (0)
Add Comment