ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം.
ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തുന്നതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.