തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പെന്ന് സൂചന

Jaihind News Bureau
Tuesday, October 20, 2020

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പെന്ന് സൂചന. കുറവൻകോണത്തെ കാനറാ ബാങ്കിന്‍റെ എ.ടി.എമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന പരാതിയാണ് ബാങ്ക് നൽകിയിട്ടുള്ളത്. എന്നാൽ പ്രാഥമിക പ്രശോധനയിൽ പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തതയില്ലെന്നും കേസ് അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ കുറവൻകോണത്തെ എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന സംശയം ചൂണ്ടിക്കാട്ടി കാനറ ബാങ്ക് അധികൃതർ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. തുക എത്രയെന്ന് ബാങ്ക് അധികൃതർ പരാതിയിൽ വ്യക്തമാക്കിയിരുന്നില്ല.

പരാതി അന്വേഷിച്ച പൊലീസിന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം.

മുമ്പ് കേരളം ഞെട്ടിയ ഹൈടെക് മോഷണങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എ.ടി.എം കൗണ്ടറില്‍ നടന്നത്. കൗണ്ടറിനുള്ളില്‍ പ്രത്യേക ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് ഇടപാടുകാരുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചാണ് പണം തട്ടിയത്. അറുപത് പേരുടെ അക്കൗണ്ടുകളില്‍ നിന്നായി പത്ത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു.

അഞ്ച് പേരടങ്ങിയ റൊമേനിയന്‍ സംഘമായിരുന്നു അന്നത്തെ തട്ടിപ്പിന് പിന്നില്‍. ഇതില്‍ ഒന്നാം പ്രതി മരിയന്‍ ഗബ്രിയേലിനെ മോഷണം നടന്ന രണ്ടാം ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.