കഴുകന്മാര്‍ക്ക് കഴുമരം ; രാജ്യ മനസാക്ഷിയെ നടുക്കിയ നിർഭയ കേസിന്‍റെ നാള്‍വഴികളിലൂടെ…

Jaihind News Bureau
Friday, March 20, 2020

ന്യൂഡല്‍ഹി : രാജ്യമനസാക്ഷിയെ നടുക്കിയ പൈശാചിക കൃത്യമായിരുന്നു 2012 ഡിസംബര്‍ 16 ന് രാജ്യ തലസ്ഥാനത്ത് നടന്നത്. ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി പിച്ചിച്ചീന്തിയ സംഭവത്തില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് വരെ ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയതിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭമാണ് പിന്നീട് നടന്നത്. ഇപ്പോള്‍ ഏഴ് വർഷങ്ങള്‍ക്കിപ്പുറം പ്രതികളെ തൂക്കിലേറ്റുമ്പോള്‍ നിർഭയക്കൊപ്പം രാജ്യത്തെ ഓരോ പെണ്‍കുട്ടികള്‍ക്കുമാണ് നീതി ലഭിക്കുന്നത്. നിർഭയ കേസിന്‍റെ നാള്‍ വഴികളിലൂടെ…

2012 ഡിസംബർ 16. രാത്രി 9 മണി. ഡൽഹി വസന്ത് വിഹാർ.

താമസസ്ഥലത്തേക്ക് മടങ്ങാന്‍ ബസ് കാത്തിരുന്ന ‘നിർഭയ’യും സുഹൃത്തും അതുവഴിയെത്തിയ ബസില്‍ കയറുന്നു. സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ ബസിലുണ്ടായിരുന്ന ആറ് പേര്‍ അതിക്രൂരമായ പീഡനത്തിന് വിധേയയാക്കുന്നു. ഒരു മണിക്കൂറോളം നീണ്ട ക്രൂരതയ്ക്കൊടുവില്‍ പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപൂരിലെ ഫ്ലൈ ഓവറിന് സമീപം വലിച്ചെറിഞ്ഞു.

2012 ഡിസംബർ 17

പൈശാചികമായ പീഡനത്തില്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി ഡോക്ടർമാര്‍. വന്‍കുടലിനും ഗർഭപാത്രത്തിനും പരിക്കേറ്റു. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് നാല് പ്രതികളെ തിരിച്ചറിഞ്ഞു.

ജീവന് വേണ്ടി പോരാടി പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയില്‍.

സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധം. പെണ്‍കുട്ടിക്കായി ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.

പ്രതികളെല്ലാം അറസ്‌റ്റിലാകുന്നു

പൈശാചിക കൃത്യം നടത്തിയ ആറ് പ്രതികള്‍ ഇവർ :

1. രാം സിംഗ് – സംഘത്തിന്‍റെ നേതാവ്. ബസ് ഡ്രൈവർ. സൗത്ത് ഡൽഹി ആർകെപുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. സ്വഭാവത്തിലെ വൈകല്യം കാരണം ഭ്രാന്തന്‍ എന്ന് വിളിപ്പേര്.

2. മുകേഷ് കുമാർ സിംഗ് – രാം സിംഗിന്‍റെ സഹോദരന്‍. രാം സിംഗ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നത് മുകേഷാണെന്ന് പൊലീസ്.രാജസ്ഥാനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

3. വിനയ് ശർ – സിരിഫോർട്ടിലെ ജിം  ട്രെയ്നിംഗ് ജോലിക്കൊപ്പം ബികോം പഠനം.  രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പം താമസം.

4. പവൻ ഗുപ് ത- മാതാപിതാക്കൾക്കൊപ്പം ആർ.കെ പുരം സെക്‌ടർ മൂന്നില്‍ താമസം. നേരത്തേ രാം സിംഗിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി.

5. അക്ഷയ് താക്കൂർ – ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിംഗിന്‍റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. വിവാഹിതന്‍, രണ്ട് കുട്ടികളുടെ പിതാവ്.

6. പ്രായപൂര്‍ത്തിയാകാത്ത ആള്‍ – ഉത്തർപ്രദേശിലെ ബദോന്‍ സ്വദേശി. സാമ്പത്തിക പ്രയാസം കാരണം 11-ാം വയസിൽ നാടുവിട്ട് ഡൽഹിയിലെത്തി. രാം സിംഗിന്‍റെ ബസിൽ ക്ലീനർ. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായം 17 വയസും ആറ് മാസവും.

2012 ഡിസംബര്‍ 18

രാം സിംഗ്, സഹോദരൻ മുകേഷ് കുമാർ സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത എന്നീ പ്രതികളെ പൊലീസ് പിടികൂടി.

2012 ഡിസംബര്‍ 20

പവന്‍ ഗുപ്തയും കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും പിടിയിലായി.

2012 ഡിസംബർ 27

നിർഭയയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.

കൂട്ട മാനഭംഗക്കേസിനെക്കുറിച്ച് അന്വേഷിക്കാൻ ഉഷ മെഹ്‌റ കമ്മിഷൻ.

2012 ഡിസംബർ 29

ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ പെണ്‍കുട്ടി പുലർച്ചെ 2.15 ഓടെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.

2013 ജനുവരി 17

അതിവേഗ കോടതി നടപടികൾക്കു തുടക്കമായി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

2013 മാർച്ച് 11

മുഖ്യപ്രതി രാം സിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു.

2013 ഓഗസ്റ്റ് 31

പ്രായപൂർത്തിയാകാത്തയാൾ കുറ്റക്കാരനാണെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ വിധി. ശിക്ഷ പൂർത്തിയാക്കിയ ഇയാളെ 2015 ഡിസംബറിൽ രഹസ്യമായി ഒരു പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊടുംകുറ്റകൃത്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 18 എന്നത് 16 ആയി കുറയ്ക്കണമെന്നും ആവശ്യമുയർന്നു. തുടർന്ന് 2015 ഡിസംബറിൽ 16 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം പാർലമെന്‍റ് പാസാക്കി.

2013 സെപ്റ്റംബർ 13

നാല് പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി.

2014 മാർച്ച് 13

പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.

2017 മേയ് 5

പ്രതികളുടെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചു.

2019 ഡിസംബർ 18

പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

മരണ വാറന്‍റ്

2020 ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 തീയതികളില്‍ മരണ വാറന്‍റ്.

പ്രതികളുടെ വിവിധ ഹർജികള്‍ പരിഗണനയിലിരിക്കുന്നതിനാല്‍ വാറന്‍റുകള്‍ റദ്ദായി.

2020 മാർച്ച് 5

മാർച്ച് 20ന് വധശിക്ഷ നടപ്പാക്കണമെന്ന് അന്തിമ മരണ വാറന്‍റ്. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു മാർച്ച് 20 തീരുമാനിച്ചത്.

2020 മാർച്ച് 20

പുലർച്ചെ 5.30ന് നാല് പ്രതികളെയും തൂക്കിലേറ്റി.