ബിഎസ്എന്‍എല്ലിലും ശമ്പളം മുടക്കി “ചരിത്രം കുറിച്ച്” മോദി; ജിയോയ്ക്കായി അടച്ചുപൂട്ടലിലേക്ക് എത്തിക്കുന്നുവെന്ന് ആക്ഷേപം

ചരിത്രത്തിലാദ്യമായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് മാസ ശമ്പളം വൈകുന്നു. 1.70 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് മാസ ശമ്പളം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉരുണ്ടുകളിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഫെബ്രുവരിയിലെ ശമ്പളം വൈകിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ ശമ്പളം ഫെബ്രുവരി 28ന് ലഭിക്കുന്നതാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും 1000 കോടി രൂപ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക തീര്‍ക്കുന്നതിലേയ്ക്കായി വകയിരുത്തിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

പല സര്‍ക്കിളുകളിലും കഴിഞ്ഞ മൂന്ന് മാസമായി കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച്  ടെലികോം മന്ത്രിക്ക് ബിഎസ്എന്‍എല്ലിലെ തൊഴിലാളി യൂണിയനുകള്‍ കത്തയച്ചു. ശമ്പളം നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്നാണ് തെഴിലാളി യൂണിനുകളുടെ ആവശ്യം. എന്നാല്‍ കേരളം, ജമ്മു-കശ്മീര്‍, ഒഡീഷ  എന്നീ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് തുടങ്ങിയതായും  ഫണ്ട് വരുന്നതിനനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെയും ശമ്പളം കൊടുത്ത് തുടങ്ങുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ബിഎസ്എന്‍എലിനോട് അടച്ചു പൂട്ടല്‍ ഉള്‍പ്പടെയുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റിലയന്‍സ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും വരവോടെ ബിഎസ്എന്‍എല്‍  വലിയ നഷ്ടത്തിലായ സാഹചര്യത്തിലാണ് അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അടച്ചു പൂട്ടലിന് പുറമെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടെന്നായിരുന്നു.  എന്നാല്‍ ഇത്തരം  റിപ്പോര്‍ട്ടുകളെ തള്ളിയ ബിഎസ്എന്‍എല്‍ സര്‍ക്കാരിന്‍റെ നടപടികള്‍ മറയ്ക്കുകയാണ് ചെയ്തത്. മുകേഷ് അംബാനിയുടെ ജിയോയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ എടുക്കുന്നതെന്നും ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നുമാണ് ആക്ഷേപം.

2017-18 വര്‍ഷത്തെ കണക്കുകളനുസരിച്ച് 31,287 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ നഷ്ടം കണക്കാക്കിയിരിക്കുന്നത്.  രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്.

Comments (0)
Add Comment