ഗാന്ധി ചിത്രത്തിൽ വെടിയുതിർത്തവരെ ആദരിച്ച് ഹിന്ദുമഹാസഭ

Jaihind Webdesk
Wednesday, February 27, 2019

ഗാന്ധി ചിത്രത്തിൽ വെടിയുതിർത്തവരെ ആദരിച്ച് ഹിന്ദുമഹാസഭ. ഇക്കഴിഞ്ഞ ജനുവരി 30ന് അലിഗഢിൽവെച്ച് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകൺ പാണ്ഡെ ഉൾപ്പടെയുള്ളവരെയാണ് ആദരിച്ചത്.

ഹിന്ദുമഹാസഭ ദേശീയ പ്രസിഡൻറ് ചന്ദ്ര പ്രകാശ് കൗശിക് ഭഗവദ് ഗീതയും വാളും നൽകിയാണ് ആദരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂജയും ഭർത്താവ് അശോക് പാണ്ഡെയും അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. പൂജയ്‌ക്കൊപ്പം അറസ്റ്റിലായ മറ്റ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

മഹാത്മാഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌കരിച്ചതിലൂടെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകൺ പാണ്ഡേ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും എന്നാൽ അത് തെറ്റായ രീതിയിലാണ് പ്രചരിച്ചതെന്നും കൗശിക് പറഞ്ഞു. പൂജയ്‌ക്കെതിരെ കേസെടുത്ത അലിഗഢ് പൊലീസ് ഭീകരസംഘനടകൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൂജ ശകുൻ പാണ്ഡെ, തന്‍റെ പ്രവർത്തനത്തെ ന്യായീകരിക്കുകയും സ്‌കൂൾ പാഠ്യപദ്ധതിയിൽ മഹാത്മാവിന്റെ കൊലപാതകിയായ നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഉൾപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കണമെന്ന് മറുപടി പ്രസംഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു. അലിഗഡ് പോലീസ് സ്ഥലത്തെത്തി, വീഡിയോ റെക്കോർഡ് ചെയ്തു.