‘സെബി’ക്ക് അദാനി ബന്ധമെന്ന് ഹിന്‍ഡന്‍ബർഗ്; കേന്ദ്ര സർക്കാരിനെ കുരുക്കിലാക്കി റിപ്പോർട്ട്

 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും വെട്ടിലാക്കി ഹിൻഡൻബർഗിന്‍റെ പുതിയ വെളിപ്പെടുത്തൽ. സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ രഹസ്യ വിദേശ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെബി ചെയർപേഴ്സൻ മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്‍റെ പുതിയ ആരോപണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്തുവിട്ട റിപ്പോർട്ട്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളില്‍ സെബി ചെയർപേഴ്സൻ മാധവി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബർഗ് ആരോപിക്കുന്നത്.

2023 ജനുവരി 24-നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്. ഓഹരികൾ പെരുപ്പിച്ച് കാട്ടി അദാനി വൻ ലാഭം കൊയ്തുവെന്നും, അതു വഴി കൂടുതൽ വായ്പകൾ സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ വർഷം പുറത്ത് വിട്ട റിപ്പോർട്ടിലുണ്ടായിരുന്നത്. ഹിൻഡൻബ‍ർ​ഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. 2023 ഓഗസ്റ്റ് 14-നുള്ളില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയ‌‍ർന്നിരുന്നു. ഹിൻഡൻബർഗിന്‍റെ പുതിയ റിപ്പോർട്ട് കേന്ദ്രസർക്കാരിനും അദാനി ഗ്രൂപ്പിനും ഒരുപോലെ തിരിച്ചടിയാകും.

ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്ന സെബി. സെബി ചെയർപേഴ്‌സൺ അദാനിയുടെ ഓഹരി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണം പ്രതിപക്ഷവും ഏറ്റെടുക്കും. ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നതിനാൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടലുകളും ഇനി പ്രധാനമാണ്.

Comments (0)
Add Comment