ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ജെപിസിയെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിക്ക് വേണ്ടി ജാതി സെന്‍സസ് വേണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യവ്യാപക ക്യാമ്പയിനാണ് കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത്. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന നിലപാട് കോണ്‍ഗ്രസ് യോഗത്തില്‍ ആവര്‍ത്തിച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെബി അധ്യക്ഷയ്ക്ക് അദാനി ഷെല്‍ കമ്പനികളില്‍ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അദാനിയും സെബി മേധാവി മാധബി ബുച്ചും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്ന സ്ഥിതിക്ക് സെബി മേധാവി രാജി വെക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതിന്‍റെ ഭാഗമായി ഈ മാസം 22ന് ഇഡി ഓഫീസുകള്‍ ഉപരോധിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ ഓഹരി കുംഭകോണം പ്രധാനമന്ത്രിയുടെ അറിവോടെയാണ് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്ന നിലയിലാണെന്നും കുംഭകോണം വ്യക്തമാകാന്‍ വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.