സുതാര്യമായ അന്വേഷണത്തിന് തയാറാണോ എന്ന് വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; റിപ്പോര്‍ട്ട് തിരിച്ചടിയായി: നഷ്ടത്തിൽ ഓഹരിവിപണി, അദാനി ഗ്രൂപ്പ് ഓഹരി മൂല്യത്തില്‍ ഇടിവ്

 

മുംബൈ: സെബി മേധാവി മാധബി പുരി ബുച്ചയെ വെല്ലുവിളിച്ച് വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്. സുതാര്യമായ അന്വേഷണത്തിന് തയാറാണോ എന്നും ചോദ്യം. അതേസമയം, വെളിപ്പെടുത്തലിന് പിന്നാലെ നഷ്ടം നേരിട്ടിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. സെന്‍സെക്സില്‍ 400 പോയിന്‍റ് നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയിന്‍റിന് താഴെയെത്തിയിരുന്നു.

കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും വെട്ടിലാക്കിയാണ് ഹിൻഡൻബർഗിന്‍റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ രഹസ്യ വിദേശ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് റിപ്പോർട്ടില്‍ പറയുന്നു. സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്‍റെ ആരോപണം.

Comments (0)
Add Comment