ചിന്തയിലേത് ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍; മറുപടിയുമായി നവയുഗം

Jaihind Webdesk
Monday, March 14, 2022

 

സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ  ‘ചിന്ത’ വാരികയിലെ ലേഖനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി സിപിഐ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗം. ‘ചിന്ത’യിലെ ലേഖനം ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ്  നവയുഗത്തിലെ ലേഖനം ആരംഭിക്കുന്നത്. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റ് തുറന്നു പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകരാണെന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും ‘തിരിഞ്ഞുകൊത്തുന്ന നുണകള്‍’ എന്ന തലക്കെട്ടിലുള്ള ലേഖനം വിമര്‍ശിക്കുന്നു.

നക്സൽ ബാരി പ്രസ്ഥാനം ഉടലെടുത്തതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ സിപിഎം സ്വയം വിമർശനം നടത്തണം. യുവാക്കൾക്ക് സായുധ വിപ്ലവ മോഹം മോഹം നൽകിയത് സിപിഎമ്മാണ്. ഇന്ത്യ-ചൈന യുദ്ധ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ജയിലിലാക്കി എന്ന വാദം തെറ്റ്. അറസ്റ്റിലായവരിൽ ജെ. ചിത്തരഞ്ജനും ഉണ്ണി രാജയും അടക്കം കേരളത്തിലെ 18 സിപിഐ നേതാക്കൾ ഉണ്ടായിരുന്നു. ഇവരെ ആരാണ് ജയിലിലടച്ചത്. കൂട്ടത്തിൽ ഉള്ളവരെ വർഗവഞ്ചകർ എന്ന് വിളിച്ചത് ഇഎംഎസ് ആണ്.

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ എന്നായിരുന്നു ‘ചിന്ത’ വാരികയിലെ വിമര്‍ശനം. ഇതിനാണ് ഇപ്പോള്‍ സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗം’ മറുപടി നൽകിയിരിക്കുന്നത്. ചിന്തയിലെ ലേഖനത്തിനുള്ള മറുപടി നവയുഗത്തിലുണ്ടാകുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം ‘ചിന്ത’യില്‍ വന്നത് സിപിഎമ്മിന്‍റെ പ്രതികരണമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട്.