ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കും ഹിമാചലില്‍ 68 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാനാകുന്നത്.

ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.  2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണ് നേടിയത്. 182 അംഗ നിയമസഭയിലേക്ക് ഡിസംബർ 1 നും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിംഗ് രേഖപ്പെടുത്തി. 2017 ൽ 66.75% ആയിരുന്നു പോളിംഗ്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1621 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ബിജെപി 182 സീറ്റുകളിലും കോൺഗ്രസ് 179 സീറ്റുകളിലും മത്സരിക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള എൻസിപി രണ്ട് സീറ്റുകളിലേക്കാണ് ജനവിധി തേടുന്നത്. എഎപി 180 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ അണിനിരത്തി.

ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകിയപ്പോൾ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. 136 ജീവൻ പൊലിഞ്ഞ മോർബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കർഷക പ്രതിഷേധം എന്നിവയുൾപ്പെടെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചർച്ചയായി.

ഹിമാചലില്‍ 68 അംഗനിയമസഭയില്‍ 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. നവംബര്‍ 12 ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2017 ല്‍ 75.6 ശതമാനം ആയിരുന്നു പോളിംഗ്. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിലേക്കാണ് ആം ആദ്മി മത്സരിച്ചത്.

Comments (0)
Add Comment