ഹിമാചല്‍ മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി, 55 പേരെ കാണാനില്ല; തിരച്ചില്‍ ഊർജിതം

 

ഷിംല: ഹിമാചലിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംല, മാണ്ഡി, കുളു എന്നീ ജില്ലകളിലായി 55 പേരെ കാണാതായിട്ടുണ്ട്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ മൂന്നു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുരിതബാധിതർക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.

ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ അടിയന്തര ധനസഹായമായി 50,000 രൂപ അനുവദിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം 5,000 രൂപ വാടകയിനത്തില്‍ നൽകുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന് ഏകദേശം 700 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി  സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.
പ്രളയത്തിലും മേഘവിസ്ഫോടനത്തിലും 55 പേരെ കാണാതായി.  കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജുലൈ 31-ന് ഉണ്ടായ മേഘവിസ്ഫോടനങ്ങള്‍ വന്‍ നാശമാണ് ഹിമാചലില്‍ വിതച്ചത്. നാല്‍പ്പതിലേറെ പേരെ കാണാതായി. സോനം (23), മൂന്ന് മാസം മാത്രം പ്രായമുള്ള മാൻവി എന്നിവരുടെ മൃതദേഹങ്ങൾ മാണ്ഡി ജില്ലയിലെ രാജ്ഭാൻ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ രാംപൂരിലെ സത്‌ലജ് നദിയുടെ തീരത്തുള്ള ധക്കോളിക്ക് സമീപം രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഷിംല എസ്പി സഞ്ജീവ് കുമാർ ഗാന്ധി അറിയിച്ചു. കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജിതമാക്കി. ദുരന്തത്തിന് ശേഷം ഷിംലയുടെയും കുളുവിന്‍റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സമേജ്, ധാരാ സർദ, കുശ്വ എന്നീ മൂന്നു ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, സംസ്ഥാന പോലീസ്, ഹോം ഗാർഡുകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വെള്ളത്തിന്‍റെ ഒഴുക്ക് അല്‍പ്പം കുറഞ്ഞതിനാൽ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ, സ്നിഫർ ഡോഗ് സ്ക്വാഡ്, ഡ്രോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വിന്യസിച്ച് തിരച്ചിൽ ഊർജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.

Comments (0)
Add Comment