ഇന്ധനവില വീണ്ടും കൂട്ടി : അവശ്യസാധനങ്ങള്‍ക്കും വില കൂടുന്നു ; ദുരിതം

Jaihind News Bureau
Wednesday, February 24, 2021

 

ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസലിന് 87 രൂപ 60 പൈസയും ആയി ഉയർന്നു. പെട്രോളിന് കൊച്ചിയില്‍ ലിറ്ററിന് 91 രൂപ 48 പൈസയും ഡീസലിന് 86 രൂപ 11 പൈസയും ആയി ഉയർന്നു.

ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടുദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. ഇന്ധന വില കത്തിക്കയറുന്നത് അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. അതേസമയം വിലവർധനയില്‍ ജനം വലയുമ്പോഴും ടാക്സ് കുറയ്ക്കുക എന്നതുപോലെയുള്ള ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ പോലും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയാറാകുന്നില്ല. ടാക്സ് കുറയ്ക്കില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.