കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 147 മരണം, 6767 പേര്‍ക്ക് പുതുതായി രോഗം

Jaihind News Bureau
Sunday, May 24, 2020

രാജ്യത്ത് 24 മണിക്കൂറില്‍ 6767 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 147 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 കേസുകളാണ് നിലവിലുള്ളത്. 54,440 പേര്‍ രോഗമുക്തി നേടി. 3867 പേര്‍ മരണപ്പെട്ടു.

അതേസമയം രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മാഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടയില്‍ 2608 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 47190 ലേക്ക് ഉയര്‍ന്നു. 60 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 710 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയത്. 15512 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 396 പേര്‍ക്ക് ഗുജറാത്തില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13669 ലേക്ക് ഉയര്‍ന്നു. 12910 ആണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.