തിരുവനന്തപുരം: ഏകീകൃത ചോദ്യപേപ്പർ ഇല്ലാതെ ഹയർ സെക്കന്‍ഡറി ഓണപ്പരീക്ഷകൾ നടത്തുന്ന ഗതികേടിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയെന്ന് കെഎസ്‌യു. വിദ്യാർത്ഥികള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാച്ചി വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം റനീഫ് മുണ്ടോത്ത് നിവേദനം നൽകി. ചോദ്യപേപ്പറുകൾ അതത് സ്കൂളുകളിൽ തയാറാക്കി പരീക്ഷ നടത്തണമെന്ന ക്യുഐപി യോഗ തീരുമാനം കുട്ടികളുടെ അക്കാദമിക നിലവാരത്തെ ബാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.
റനീഫ് മുണ്ടോത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ആഗസ്റ്റ് 16ന് ആരംഭിക്കുന്ന ഹയർ സെക്കന്‍ഡറി ഓണപ്പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ അതത് സ്കൂളുകളിൽ തയാറാക്കി പരീക്ഷ നടത്തണമെന്ന ക്യുഐപി യോഗ തീരുമാനം കുട്ടികളുടെ അക്കാദമിക നിലവാരത്തെ ബാധിക്കും. നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കുന്ന ചോദ്യപേപ്പറുകൾ ബുക്ക്‌ലെറ്റ് രൂപത്തിലാണ് കുട്ടികൾക്ക് നൽകുന്നത്.
പരീക്ഷകളുടെ ഏകീകൃത സ്വഭാവവും ചോദ്യപേപ്പറുകളും പൊതു പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളെ പരിചയപ്പെടുന്നതിനും പരീക്ഷ സമയക്രമം പാലിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നുണ്ട് .
ഏകീകൃതമല്ലാത്ത ചോദ്യപേപ്പറുകളിൽ പാഠഭാഗങ്ങൾക്കു നൽകേണ്ട വെയിറ്റേജ്, ഉയർന്ന പഠന നിലവാരമുള്ള വിദ്യാർത്ഥികൾക്കുള്ള വെയിറ്റേജ് തുടങ്ങിയവ നഷ്ടപ്പെടാനിടയാകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഈ വർഷത്തെ സ്കീം ഓഫ് വർക്ക് ഇന്നലെയാണ് എസ്.സി.ഇ.ആർ.ടി അധ്യാപകർക്കു നൽകിയത്. എൻ.സി.ഇ.ആർ.ടി ഹിസ്റ്ററി പാഠപുസ്തകത്തിലെ ഒന്നാം അധ്യായം രണ്ടാം ടേമിൽ പഠിപ്പിക്കണമെന്നാണ് 2 മാസം കഴിഞ്ഞ് സ്കീം ഓഫ് വർക്ക് പുറത്തായതിലൂടെ അധ്യാപകർക്കു മനസിലാവുന്നത്.രണ്ടു ഭാഷയിലും തയാറാക്കേണ്ടി വരുന്ന ചോദ്യപേപ്പറുകൾ സ്കൂൾ തലത്തിൽ പ്രിന്‍റ് ചെയ്യുമ്പോൾ ഭാരിച്ച സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് കുട്ടികളിൽ നിന്നും ഈടാക്കേണ്ടി വരുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ക്യുഐപി തീരുമാനങ്ങൾ ക്ലാസ് 10 വരെയുളള വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയാണ് ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ സ്കൂളിൽ അച്ചടിച്ചാൽ മതി എന്ന തീരുമാനമെടുത്തതും വിചിത്രമാണ്. സ്കൂളുകൾ ഏകീകരിച്ചതിലൂടെ ഗുണനിലവാരം മെച്ചപ്പെട്ടെന്ന അവകാശവാദങ്ങൾക്കിടയിലാണ് ഹയർസെക്കന്‍ഡറി ഓണ പരീക്ഷകൾക്ക് എകീകൃത ചോദ്യപേപ്പർ തയാറാക്കാൻ സാധിക്കാതെ വകുപ്പ് ഇരുട്ടിൽ തപ്പുന്നത്.
പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. വിഷയത്തിന് തീർപ്പ് കൽപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സംസ്ഥാനത്ത് ഒട്ടാകെ തുടക്കം കുറിക്കാൻ കേരള വിദ്യാർത്ഥി യൂണിയൻ മുൻപന്തിയിൽ തന്നെ ഉണ്ടാകും.