മാസപ്പടി വിവാദം; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിണായക നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ എതിർകക്ഷികളുടെ വാദം കേൾക്കുമെന്നും ഉത്തരവ് വൈകുമെന്നും ഉറപ്പായി. ഹര്‍ജിയില്‍ പിണറായി വിജയനടക്കമുള്ളവരെ കക്ഷി ചേര്‍ത്തു കൊണ്ടാണ് നടപടി.

വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഹർജിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. 2023 ഓഗസ്റ്റ് 09 നാണ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്.

Comments (0)
Add Comment