ശക്തമായ തിരമാലയ്ക്ക് സാധ്യത ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Jaihind Webdesk
Monday, October 18, 2021

High-wave-lash-coast

തിരുവനന്തപുരം : കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി (ഒക്ടോബർ 18) ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

ഇന്നും നാളെയും വടക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20-10-2021 മുതൽ 22-10-2021 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

ഹൗസ്‌ബോട്ട്, ശിക്കാര സര്‍വീസുകള്‍ക്ക് നിരോധനം

ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ എന്നിവയുടെ സര്‍വീസ് ഇന്ന്(ഒക്ടോബര്‍ 18) വൈകുന്നേരം അഞ്ചു മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നദികളിലും കൈവഴികളിലും ശക്തമായ ഒഴുക്കുള്ളതും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി. ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സര്‍വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെയും ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.