ശബരിമല സ്ത്രീപ്രവേശം: പ്രതിഷേധം ശക്തം

Jaihind Webdesk
Thursday, January 3, 2019

ശബരിമലയില്‍ നടന്ന ആചാരലംഘനത്തിനും സര്‍ക്കാര്‍ നിലപാടിനും എതിരെ വ്യാപക പ്രതിഷേധം. വൈക്കത്ത് ഇന്നലെ യു.ഡി.എഫ്. പ്രതിഷേധപ്രകടനത്തിടെ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകന് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈക്കം നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

ജില്ലയില്‍ മിക്കയിടത്തും റോഡുകള്‍ ഉപരോധിച്ചു. ചങ്ങനാശേരിയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനം നടന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ നൂറോളം കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, പൊന്‍കുന്നം, പാലാ, ഏറ്റുമാനൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ വൈകീട്ടായിരുന്നു പ്രതിഷേധപ്രകടനം.

കോട്ടയത്ത് തിരുനക്കര മൈതാനത്ത് നിന്ന് ആരംഭിച്ച കര്‍മ്മസമിതിയുടെ പ്രകടനം ഗാന്ധിസ്‌ക്വയറില്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വഴിയൊരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തിനും തള്ളിനും കാരണമായി. പോലീസും പ്രവര്‍ത്തകരുമായുള്ള ഉന്തും തള്ളലിനുമിടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചു. കളക്ടറേറ്റിന് സമീപം പ്രകടനം പോലീസ് ബാരിക്കേഡുകളുയര്‍ത്തി പോലീസ് തടഞ്ഞു.