ക്ഷേത്രോത്സവം പാര്‍ട്ടി പരിപാടിയാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഹൈക്കോടതിയുടെ താക്കീത് : സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശം

Jaihind News Bureau
Tuesday, March 18, 2025

ക്ഷേത്രോത്സവം പാര്‍ട്ടി പരിപാടിയാക്കാന്‍ ശ്രമിച്ചവര്‍ക്ക് താക്കീതുമായി ഹൈക്കോടതി. കലാപരിപാടിയെന്ന നിലയില്‍ പാര്‍ട്ടിപ്പാട്ടുകള്‍ അവതരിപ്പിക്കാനല്ല ക്ഷേത്രോത്സവങ്ങളെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

വിപ്‌ളവഗാനങ്ങള്‍ക്കുള്ള ഇടമല്ല ക്ഷേത്രോത്സവേദികളെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് . ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കല്‍ ദേവീക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് കോടതിയില്‍ വിശദീകരിച്ചു. ദവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്റ്റേജില്‍ എന്തിനാണ് ഇത്രയധികം പ്രകാശവിന്യാസമെന്നും ഇത് കോളജിലെ ആനുവല്‍ ഡേ ആണോയെന്നും കോടതി ചോദിച്ചു. ഭക്തരില്‍ നിന്നും ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ നടത്താനുള്ളതല്ല. ദൈവത്തിനായിട്ടാണ് ഭക്തര്‍ പണം സംഭാവന നല്‍കുന്നത്. ഇത് ധൂര്‍ത്തടിച്ചു കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെയെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നടത്തൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്സവം ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, അവര്‍ വിശ്വാസികളായിരിക്കണമെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.

ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യമടക്കം മുഴക്കുന്ന സ്ഥലമായി ക്ഷേത്ര ഉത്സവങ്ങള്‍ മാറുമോ?. ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്നതൊക്കെയാണോ ക്ഷേത്രത്തില്‍ വിളിച്ചു പറയുന്നതെന്നും കോടതി ആരാഞ്ഞു. ഈ മാസം 10ന് ഗായകന്‍ അലോഷി ആദം അവതരിപ്പിച്ച ഗാനമേളയില്‍ പാടിയ പാട്ടുകള്‍ക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്.