പ്രളയവും പ്രകൃതി ദുരന്തങ്ങളും പാഠമാക്കാതെ സർക്കാർ; ക്വാറികളുടെ ദൂരപരിധിയില്‍ ഹൈക്കോടതി വിധി ഇന്ന്

Jaihind News Bureau
Thursday, August 13, 2020

സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാരിന്‍റെ സത്യവാങ്മൂലം കണക്കിലെടുത്തായിരുന്നു കോടതി നടപടി.

ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ വേണമെന്ന ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിനാണ് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നത്. എന്നാൽ, പ്രകൃതി ദുരന്തങ്ങളും, പ്രളയവും പാഠമാക്കാതെയാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന വിമർശനമുയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ – ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട് എന്ന് വിമർശനമുണ്ട്.