സ്വര്‍ണ്ണക്കടത്ത് : ക്രൈംബ്രാഞ്ച് കേസിനെതിരായ എന്‍ഫോഴ്സ്മെന്‍റിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം ഉന്നതരിൽ എത്തുന്നത് തടയാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും ഹർജിയിൽ പറയുന്നു.

എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈം ബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നും ഇഡി ഹർജിയിൽ ആവശ്യപ്പെടുന്നു.

ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനം ആയിരുന്നു എന്നും ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പോലും തയാറായില്ലെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ക്രൈംബ്രാഞ്ചിനെ കുരുക്കുന്നതാണ് ഇഡിയുടെ നീക്കം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment