സര്‍ക്കാരിന്റെ സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ സ്റ്റേ. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്താല്‍ മതിയെന്ന് ഹൈക്കോടതി. വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ഹൈക്കോടതി സ്റ്റേ ചെയ്തു.
സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മതപത്രം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. താത്പര്യമുള്ളവരിൽ നിന്ന് മാത്രം ശമ്പളം സ്വീകരിച്ചാൽ മതിയെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതേസമയം സാലറി ചാലഞ്ചിലെ പങ്കാളിത്തം സർവീസ് ബുക്കിൽ രേഖപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറി.
സാലറി ചലഞ്ച് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടിയാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ജീവനക്കാരുടെ സംഘടന നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സാലറി ചാലഞ്ച് വിഷയത്തിൽ സർക്കാരിന് നിർബന്ധ ബുദ്ധിയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ട്. ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിർബന്ധിത പിരിവിന് തുല്യമാണ്. പ്രളയത്തിൽ നിരവധി സർക്കാർ ജീവനക്കാരും ദുരിതമനുഭവിച്ചു. പണമുണ്ടായിട്ടും സംഭാവന നൽകാത്തവരുമുണ്ട്. ഇവരെ എങ്ങനെ വേർതിരിച്ചറിയുമെന്നും ഹൈക്കോടതി ചോദിച്ചു.
ജീവനക്കാരുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്കണം. ദുരിതം അനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ജീവനക്കാർ സ്വമേധയാ നൽകുന്ന തുക സ്വീകരിക്കാം. എന്നാൽ നിശ്ചിത തുക വേണം എന്നാവശ്യപ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.