സര്‍ക്കാരിന് തിരിച്ചടി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തു; തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Jaihind Webdesk
Monday, June 17, 2019

കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹര്‍ജികളില് മേലുള്ള വിശദമായ വാദം പിന്നീട് നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങളെ മുഴുവനായും ഉടച്ചുവാര്‍ക്കുന്ന തരത്തിലായിരുന്നു ഖാദര്‍ കമ്മിറ്റി ശിപാര്‍ശകള്‍. എന്നാല് ഇത് തിടുക്കപ്പെട്ട നടത്തിയതില്‍ പ്രതിപക്ഷം ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരള ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജികളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാന രണ്ടുവാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. ഭരണപരമായ ഏകോപനത്തിനായിട്ട് പേരുമാറ്റം മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലകളുടെ ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ക്കു മുന്നോടിയായി കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പ്രത്യേക നിയമം ഉണ്ടാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസ്സിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നത് എന്നാണ് ഹര്‍ജി.

നിയമ നിര്‍മാണത്തിലൂടെയോ ഭേദഗതിയിലൂടെയോ അല്ലാതെ ലയനം നടപ്പാക്കാനാകില്ല. വസ്തുത ഇതായിരിക്കെ വിവേകശൂന്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശമ്പള വിതരണം, പരീക്ഷാ നടത്തിപ്പ് എന്നിവയിലും ആശങ്കകളുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് ഉന്നത യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കു വൈസ് പ്രിന്‍സിപ്പലാകാന്‍ കഴിയും. ഇത്തരം സാഹചര്യങ്ങള്‍ അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തിനും ഭിന്നതയ്ക്കും വഴിയൊരുക്കും. ത്രിതല സ്‌കൂള്‍ സംവിധാനത്തില്‍ ഇന്നുള്ള അച്ചടക്കം നഷ്ടപ്പെടും.