സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Jaihind News Bureau
Monday, November 9, 2020

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്.

വിഷയത്തിൽ സംസ്ഥാന സർക്കാർ പക്ഷം പിടിക്കുകയാണെന്നും സർക്കാർ ഈ നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്. പള്ളിയേറ്റെടുക്കുന്നതിനായി കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണം. തുടർനടപടികൾക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു .