ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ച പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജഡ്ജി വിസമ്മതിച്ചതിനാലാണ് സ്വമേധയാ കേസെടുക്കാത്തതെന്ന് പറഞ്ഞ കോടതി ഇത് ബലഹീനതയായി കാണരുതെന്നും ഓര്‍മിപ്പിച്ചു.
ശബരിമലയില്‍ മുറികള്‍ പൂട്ടാന്‍ നിര്‍ദേശിച്ച നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത് എന്തിനായിരുന്നുവെന്നും, നോട്ടീസ് പിന്‍വലിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചില ഉദ്യോഗസ്ഥന്മാര്‍ ഐ.പി.എസിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ എത്തിയ ഹൈക്കോടതി ജഡ്ജിയെ പോലീസ് തടഞ്ഞ നടപടിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.
അതേസമയം ശബരിമലയിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതയില്‍ കോടതി അതൃപ്തി അറിയിച്ചു. ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന്കോടതി നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസിലെ നിയന്ത്രണം ചോദ്യം ചെയ്ത കോടതി അയ്യപ്പഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സി തുടര്‍ച്ചയായി സര്‍വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
സന്നിധാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് അറിയിച്ചു. അതേസമയം സന്നിധാനത്ത് നാമജപം പാടില്ലെന്ന് പോലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും അംഗപരിമിതര്‍ക്കും നടപ്പന്തലില്‍ വിരിവെക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ സ്ഥിതിഗതികള്‍ അറിയുന്നതിനായി മൂന്നംഗ നിരീക്ഷകസംഘത്തെ ഹൈക്കോടതി നിയോഗിച്ചു. റിട്ടയേഡ് ജഡ്ജിമാരായ പി.ആര്‍ രാമന്‍, എസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണ സംഘത്തിലെ അംഗങ്ങള്‍.