വ്യാജ സത്യവാങ്മൂലം; കാലിക്കറ്റ് സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jaihind News Bureau
Wednesday, November 4, 2020

കാലിക്കറ്റ് സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിലവിലുള്ള രജിസ്ട്രാറുടെ യോഗ്യത ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച സംഭവത്തിലാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കേസിൽ വൈസ് ചാൻസിലർ കോടതിയിൽ നേരിട്ട് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലവിലുള്ള റജിസ്ട്രാറുടെ യോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യാജ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചതിന് കേസിൽ വൈസ് ചാൻസലറോട് നേരിട്ട് സത്യവാഗ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നവംബർ രണ്ടിന് കേസ് പരിഗണനയ്ക്ക് വന്നപ്പോൾ വിസി അഫിഡവിറ്റ് കോടതിയിൽ നൽകാത്തത് നിർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. കോടതി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയും ഒമ്പതാം തീയതി അഫിഡവിറ്റ് നൽകുകയോ അതല്ലെങ്കിൽ വിസി നേരിട്ട് ഹാജരാവുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു. അഫിഡവിറ്റ് നൽകുന്നതിൽ വീഴ്ച വരുത്തിയതിനു യൂണിവേഴ്സിറ്റി അഭിഭാഷകൻ കോടതിയിൽ ക്ഷമ ചോദിച്ചു.

യൂണിവേഴ്സിറ്റി റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ പോസ്റ്റുകളിലേക്ക് സ്ഥിര നിയമനം നടത്താൻ സെപ്റ്റംബർ ഒമ്പതിന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു വെന്ന് വിസിക്ക് വേണ്ടി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലമാണ് വിവാദമായത്. അങ്ങനെയൊരു തീരുമാനം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് എടുത്തിട്ടില്ലെന്നു കാണിച്ച് യുഡിഎഫ് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ വിസി നൽകിയ വ്യാജ സത്യവാങ്മൂലം പിൻവലിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് ഗവർണറോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വിസിയുടെ അറിവ് കൂടാതെയാണ് സിൻഡിക്കേറ്റ്‌ കൈകൊള്ളാത്തതായ തീരുമാനം വ്യാജ സത്യവാങ്മൂലമായി കോടതിക്ക് നൽകിയതെന്നും വിമർശനമുണ്ട്.