നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല ; മന്ത്രിമാരടക്കം വിചാരണ നേരിടണം, സർക്കാരിന് തിരിച്ചടി

 

നിയമസഭാ കയ്യാങ്കളി കേസ് തുടരും. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും 4 എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും.

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015 മാർച്ച് 13ന് കെഎം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനിടെ സ്പീക്കറുടെ വേദിയും മറ്റും തകർത്തതിന്‍റെ പേരിലുള്ള കേസ് പിൻവലിക്കാനാവില്ലെന്ന തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് വി.ജി അരുൺ തള്ളി. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് ഫയൽ ചെയതത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.

കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മന്ത്രിമാരായ ഇ.പിജയരാജൻ, കെ.ടി. ജലീൽ, എംഎല്‍എമാരായിരുന്ന വി ശിവൻകുട്ടി, കെ കുഞ്ഞഹമ്മദ്, കെ അജിത്, സി.കെ സദാശിവൻ എന്നിവർ വിചാരണ നേരിടേണ്ടി വരും. ഇവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കീഴ്ക്കോടതി തള്ളിയത് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും സർക്കാർ ആവശ്യം തള്ളിയ സാഹചര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Comments (0)
Add Comment