ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത് തടയാനാകില്ല ; സി.എം രവീന്ദ്രന്‍റെ ഹർജി ഹൈക്കോടതി തള്ളി

Jaihind News Bureau
Thursday, December 17, 2020

 

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.

ചോദ്യംചെയ്യലിനുള്ള ഇ.ഡി നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു രവീന്ദ്രന്‍റെ പ്രധാന ആവശ്യം. കൊവിഡാനനന്തര രോഗങ്ങൾ ഉള്ളതിനാല്‍ ദീർഘനേരം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാരന് അവകാശമില്ലായിരുന്നു ഇഡിയുടെ വാദം. പല തവണ നോട്ടിസ് അയച്ചിട്ട് ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടാനാണ് രവീന്ദ്രൻ ശ്രമിക്കുന്നതെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹർജി ഹൈക്കോടതി തള്ളിയത്.

അതേസമയം സി.എം രവീന്ദ്രന്‍റെ ഇ.ഡി ചോദ്യംചെയ്യല്‍ തുടരുകയാണ്. രാവിലെ 9 മണിയോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ രവീന്ദ്രന്‍ ഹാജരായത്. മുമ്പ് മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും കൊവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. എന്നാല്‍ നടുവേദനയുടെ പ്രശ്‌നം ഒഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.