ശിവശങ്കറിനെതിരായ ഹൈക്കോടതി പരാമർശം പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നത്: വി.ഡി സതീശന്‍

 

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം ശിവശങ്കറിന്‍റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമർശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത് . പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനിവാര്യമാണ്. ബിജെപി- സിപിഎം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജൻസിയായ ഇഡിയാണ്.

Comments (0)
Add Comment