വി സി മാര്‍ക്ക് സാവകാശം അനുവദിച്ച് ഹൈക്കോടതി; ഒമ്പത് വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടപെടല്‍

വി സി മാര്‍ക്ക് സാവകാശം അനുവദിച്ച് ഹൈക്കോടതി. ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് സമയം അനുവദിച്ചത്.  ഒമ്പത് വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സാങ്കേതിക സര്‍വകലാശാല വി സിയുടെ നിയമനം യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് മറ്റ് വി സിമാര്‍ക്കും ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.

പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ എന്ന നിലയിലായിരുന്നു ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.  നോട്ടീസ് ചോദ്യം ചെയ്ത് വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ അനുകൂല ഇടപെടല്‍. കെടിയു വി സി പുറത്ത് പോകാന്‍ കാരണമായ സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ല എന്നത് ഹരജിക്കാരായ വി സിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കില്‍ മാത്രമേ നീക്കാന്‍ സാധിക്കൂ എന്നാതായിരുന്നു വാദം. ഹര്‍ജി പരിഗണിച്ച കോടതി ചാന്‍സലറുടെ നോട്ടീസിന് മറുപടി നല്‍കുന്നതിനായി സാവകാശം അനുവദിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണമെന്നും ആറാഴ്ചക്കകം തിരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.  ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

യുജിസി ചട്ടങ്ങളുടെ ലംഘനം നടന്നോ എന്ന് പരിശോധിക്കണം.  തീരുമാനം വിസിമാര്‍ക്ക് എതിരാണെങ്കില്‍ 10 ദിവസത്തേക്ക് മരവിപ്പിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വ്യക്തമാക്കി.  ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍ നടപടി ഉണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.  പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയിട്ടുള്ള കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസി മാര്‍ മാത്രമാണ് ഇപ്പോള്‍ പദവികളില്‍ തുടരുന്നത്.
കാലിക്കറ്റ്, സംസ്‌കൃത വിസി മാരുടെ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള ക്വാവാറണ്ടോ ഹര്‍ജികളും വിസി മാരുടെ ഹര്‍ജികളും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.

Comments (0)
Add Comment