ദിലീപിന് തിരിച്ചടി; തിങ്കളാഴ്ച ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി

Jaihind Webdesk
Saturday, January 29, 2022

 

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ 10.15 ന്  മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. 2017 ഡിസംബറില്‍ എംജി റോഡിലെ ഫ്ലാറ്റില്‍ വെച്ചും 2018 മേയില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദിലീപ് ഫോണ്‍ തിങ്കളാഴ്ച തന്നെ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പോലീസിന്‍റെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിന്‍റെ സ്വാധീനം ഇവർക്കുണ്ടാകുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. സ്വന്തം നിലയ്ക്ക് പരിശോധിപ്പിക്കാം എന്ന ദിലീപിന്‍റെ വാദം കോടതി ഖണ്ഡിച്ചു. ദിലീപ് തന്‍റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. സ്വന്തം നിലയില്‍ പരിശോധനയ്ക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു.കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം ആസൂത്രിതമാണെന്നും പോലീസും മാധ്യമങ്ങളും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്നുംദിലീപ് വാദിച്ചു. കോടതി ദയവ് കാണിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത് ദയയുടെ കാര്യമല്ലെന്നായിരുന്നു കോടതിയുടെ മറുപടി.

രണ്ട് ആപ്പിൾ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് പ്രതികളുടേതായി ഉള്ളതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇതില്‍ നാല് ഫോണുകള്‍ ദിലീപിന്‍റേതും മറ്റ് മൂന്ന് ഫോണുകള്‍ കൂട്ടുപ്രതികളുടേതുമാണ്. എന്നാല്‍ തനിക്ക് മൂന്ന് ഫോണുകളേ ഉള്ളെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന്അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപ്, അനിയൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മൊബൈൽ ഫോണിന്‍റെ ഐഎംഇഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് കണ്ടെത്തിയത്. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫോണുകൾ മാറ്റിയതെന്നും അന്വേഷണസംഘം പറയുന്നു.