സർക്കാരിന്റെ നിർബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർബന്ധിത പിരിവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്ത്. നിർബന്ധിത പിരിവ് കൊള്ളയാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്. പിരിവ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. സ്വകാര്യ ബാങ്കുകൾ ജപ്തി നടത്തുന്നതു പോലെയല്ല സർക്കാർ ജീവനക്കാരിൽ നിന്നും പിരിക്കേണ്ടത്. നിർബന്ധിത പരിവിന് സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. ഒരുമാസത്തെ ശമ്പളം നൽകി സഹകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടത്. അല്ലാതെ നിർബന്ധിത പിരിവ് നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എല്ലാ ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ദേവസ്വം ബോർഡിന്റെ സർക്കുലറിനെതിരെയാണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രളയത്തിന് ശേഷം നിർബന്ധിത പിരിവ് പാടില്ലെന്ന പൊതുതത്വം കാറ്റിൽ പറത്തിയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പിരിവ് ഊർജിതപ്പെടുത്താൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തത്. ശമ്പളം നൽകാൻ കഴിയാത്തവർ ഇക്കാര്യം എഴുതി നൽകണമെന്നുള്ള വ്യവസ്ഥയും സർക്കാർ മുന്നോട്ടു വെച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ വകുപ്പു മേധാവികൾ ഇടപെട്ട് ഇത്തരത്തിലുള്ള സർക്കുലറുകൾ പുറത്തിറക്കി നിർബന്ധിത പിരിവ് ഊർജിതപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് നിർബന്ധിത പിരിവ് പാടില്ലെന്ന സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു. എല്ലാ ജില്ലാ കളക്ടറുമാർക്കും വകുപ്പു മേധാവികൾക്കും സർക്കുലർ അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷവും നിർബന്ധിത പിരിവ് തുടരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്.

സാലറി ചലഞ്ചിന് പുറമേ പൊതുജനങ്ങളോട് ഏറ്റവും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ, രജിസ്‌ട്രേഷൻ, പൊലീസ് സംവിധാനങ്ങളിൽ കൂടിയുള്ള പണപ്പിരിവും ഊർജിതമാക്കാനാണ് സി.പി.എമ്മിന്റേയും സർക്കാരിന്റേയും അപ്രഖ്യാപിത തീരുമാനം. ഇതിന്റെ ഭാഗമായി ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ പിഴിഞ്ഞ് പണമീടാക്കാൻ മേൽപ്പറഞ്ഞ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്നുവെന്നതാണ് യാഥാർഥ്യം. പലയിടത്തും ഇത്തരം അനധികൃത പിരിവുകൾ നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തഹസിൽദാർമാർക്കും ഡി.വൈ.എസ്പിമാർക്കും ടാർജറ്റ് നിശ്ചയിച്ച് നൽകിയുള്ള പിരിവാണ് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നത്.

salary challengeldf governmentkerala floodshighcourt
Comments (0)
Add Comment