ഇത്രയേറെ ദുരന്തമുണ്ടായിട്ടും എന്തുകൊണ്ട് പാഠം പഠിക്കുന്നില്ല; പി.വി. അന്‍വറിന്റെ ചെക്ക് ഡാം പൊളിച്ചുകളയാന്‍ ഹൈക്കോടതി ഉത്തരവ്

Jaihind Webdesk
Friday, August 16, 2019

P.V Anwar

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും കനത്ത തിരിച്ചടി. അന്‍വറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തടയണ നിര്‍മ്മിച്ചവര്‍ തന്നെ പൊളിച്ചു കളയുന്നതിന്റെ ചെലവ് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്‍വറിന്റെ തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് കേസിന്റെ വാദത്തിനിടെ കോടതി ചോദിച്ചു. തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷമാണ് ഇപ്പോഴും അനധികൃതമായി തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയൊക്കെ ആയിട്ടും നമ്മള്‍ എന്ത് കൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു.