റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Jaihind Webdesk
Thursday, October 17, 2019

Kerala-High-Court

കൊച്ചി: സംസ്ഥാനത്ത് റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വിഐപി സന്ദര്‍ശനം ഉണ്ടാകുമ്പോള്‍ മാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി നടക്കുന്നു. വിഐപികള്‍ക്കുളള ആനുകൂല്യത്തിനുളള അര്‍ഹത സാധാരണക്കാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

കുഴികള്‍ കിടങ്ങുകളാകുന്നത് വരെ കാത്തിരിക്കരുതെന്ന് ഉദ്യോഗസ്ഥരെ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നനിലയിലാണ്. ദേശീയപാതയില്‍ അടക്കം പലയിടത്തും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. മഴ മാറാതെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മഴ മാറി ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.