കൊച്ചി പഴയ കൊച്ചിയല്ല; ഹൈബിയുള്ള കൊച്ചി

Jaihind Webdesk
Friday, May 24, 2019

പിതാവ് ജോര്‍ജ് ഈഡന്‍റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി മകന്‍ ഹൈബി ഈഡന്‍. റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്‍റെ എം.എല്‍.എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്.

1,69,153 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള മിന്നുന്ന ജയമാണ് എറണാകുളത്ത് ഹൈബി ഈഡൻ നേടിയത്. കഴിഞ്ഞ തവണ പ്രൊഫ. കെ.വി തോമസ് നേടിയതിന്‍റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന് ലഭിച്ചത്. സി.പി.എമ്മിന്‍റെ മുന്‍ രാജ്യസഭാ എം.പിയും പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവ് എതിർ സ്ഥാനാർത്ഥിയായിരുന്നതിനാൽ ശക്തമായ മത്സരമായിരിക്കും ഇത്തവണ എറണാകുളത്ത് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈബിക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ രാജീവിന് കഴിഞ്ഞില്ല.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കി ബി.ജെ.പിയും പോരാട്ടം കടുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് പ്രവർത്തകരുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ധിക്കാരപരമായ നയങ്ങൾക്കേറ്റ തിരിച്ചടിയാണ് യു.ഡി.എഫിന്‍റെ ചരിത്ര വിജയമെന്നും ഹൈബി പറഞ്ഞു.

മണ്ഡലത്തിലെ വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ സി.പി.എമ്മിന്‍റെ എം.എല്‍.എമാരാണുളളതെങ്കിലും ഇവിടങ്ങളില്‍ പോലും ഇരുപതിനായിരത്തിലേറെ വോട്ടുകൾ രാജീവിനേക്കാൾ ഹൈബി കൂടുതൽ നേടി. വോട്ടെണ്ണല്ലിന്‍റെ തുടക്കം മുതല്‍ തന്നെ ലീഡ് തുടര്‍ന്ന ഹൈബി ഈഡന്‍ ഒരോ റൗണ്ട് കഴിയുമ്പോഴും തന്‍റെ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു.

ഹൈബി ഈഡന്‍ – 4,91,263

പി രാജീവ് (സി.പി.എം) – 3,22,110

അല്‍ഫോന്‍സ് കണ്ണന്താനം (ബി.ജെ.പി) – 1,37,749