അനുമതി ലഭിച്ചാൽ, എറണാകുളം ജനറൽ ഹോസ്പിറ്റലിൽ കോവിഡ് 19 ടെസ്റ്റിംഗ് ലാബിന്‌ ഫണ്ട് അനുവദിക്കും : ഹൈബി ഈഡൻ

കോവിഡ് 19 വൈറസ് വ്യാപനം ഏറെ ഗൗരവമായി കാണേണ്ട ഒരു ജില്ലയാണ്‌ എറണാകുളം ജില്ല. എന്നാൽ ഇത് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഒരു സൗകര്യം എറണാകുളത്തില്ല. മറ്റ് ജില്ലകളെയാണ്‌ നിലവിൽ ആശ്രയിക്കുന്നത്. സർക്കാർ മേഖലയിൽ എൻ എ ബി എൽ അംഗീകാരമുള്ള ലാബുകളുടെ അഭാവമാണ്‌ എറണാകുളത്തിന്‌ തിരിച്ചടിയായത്. നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനും കത്തയച്ചു.

എറണാകുളം ജനറൽ ഹോസ്പിറ്റൽ എൻ എ ബി എച്ച് അംഗീകാരമുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്പിറ്റലാണ്‌. നൂതന സൗകര്യങ്ങളോട് കൂടിയ ലാബാണ്‌ നിലവിൽ ജനറൽ ഹോസ്പിറ്റലിലുള്ളത്. എൻ എ ബി എൽ അംഗീകാരമുള്ള ലാബുകൾക്കേ കോവിഡ് 19 ടെസ്റ്റ് നടത്തുവാൻ സാധിക്കൂ. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള തുക തന്റെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും, മറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിപ്പിക്കാനും സന്നദ്ധനാണെന്ന് ഹൈബി ഈഡൻ എം.പി കത്തിൽ പറയുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിൽ വിദേശികളും വിദേശ മലയാളികളുമെല്ലാം ഏറ്റവും അധികം എത്തിയതും എറണാകുളം ജില്ലയിലാണ്‌.സാമൂഹ്യ വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് കോവിഡ് 19 ടെസ്റ്റിംഗ് ലാബിന്റെ അഭാവം ഏറെ ഗുരുതരമായ അവസ്ഥയാണ്‌. ഇത് ചൂണ്ടിക്കാട്ടിയാണ്‌ പ്രധാനമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പി കത്ത് നല്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ എത്രയും പെട്ടെന്ന് കോവിഡ് 19 ടെസ്റ്റിംഗ് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സജ്ജമാക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

hibi eden MP
Comments (0)
Add Comment