ഡൽഹി യാത്ര മാറ്റി വെച്ച് ഹൈബിയുടെ സ്റ്റാഫിന്റെ നല്ല മാതൃക; തുക കൊണ്ട് കാരുണ്യ പ്രവർത്തനം. ഞങ്ങൾ നടത്തിയ ഈ എളിയ പ്രവർത്തനം ഈ സുദിനത്തിൽ അങ്ങേക്ക് നൽകുന്ന സ്നേഹ സമ്മാനമെന്നും ജീവനക്കാർ

Jaihind Webdesk
Tuesday, June 18, 2019

എറണാകുളം: ഡൽഹിയിൽ ഹൈബി ഈഡൻ എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒപ്പമുണ്ടാകാൻ ആഗ്രഹിച്ചവരാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാർ. എന്നാൽ ആ യാത്ര ഒരു നല്ല കാര്യത്തിനായി മാറ്റിവെച്ചു.
ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിന് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിയാണ് ഇവർ യാത്ര വേണ്ടെന്ന് വച്ചത്. എംപിയായി സത്യപ്രതിഞ്ജ ചെയ്ത ‌ഹൈബി ഈഡന് ജീവനക്കാരുടെ സ്നേഹ സമ്മാനമായിയാണ് തുക കൈമാറിയതെന്നും ജീവനക്കാർ പറയുന്നു.

ഹൈബി ഈഡൻ എംപിയുടെ പേഴ്സണൽ സെക്രട്ടറി അജാസ് എം.എച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയപ്പെട്ട ഹൈബി ഈഡൻ എം.പിയ്‌ക്ക്,

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൊന്നാണ് ഈ ദിവസം. ലോക്സഭയിൽ എറണാകുളത്തിന്റേത് മാത്രമല്ല, നന്മയുടെയും സ്നേഹത്തിന്റെയും ശബ്ദമാകുവാൻ അങ്ങ് തുടക്കം കുറിക്കുന്ന ഈ ദിവസം.കഴിഞ്ഞ 8 വർഷക്കാലം അങ്ങയുടെ പൊതു ജീവിതത്തിലെ ഓരോ ദിവസത്തേയും പോലെ ഇന്നും അങ്ങയോടൊപ്പം ഉണ്ടാകണമെന്ന് തന്നെയായിരുന്നു ഓഫീസിന്റെയും ആഗ്രഹം.

ചിത്രത്തിൽ കാണുന്ന അമ്മയുടെ 34 വയസുകാരനായ മകന് അടിയന്തിരമായി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണം. ഒരു കുടുംബത്തിന്റെ അത്താണി ആണയാൾ. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ അങ്ങ് എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറും കൊച്ചി ഐ.എം.എ സെക്രട്ടറിയുമായ ഡോ. ഹനീഷിനടുത്തേക്ക് അയച്ച ഒരു രോഗിയാണ്. ഡോ.പറഞ്ഞതനുസരിച്ച്, അങ്ങയുടെ നിർദ്ദേശ പ്രകാരം അതിനുള്ള തുക തയാറായി വരികയാണല്ലോ. ഒരു ചെറിയ തുക ഇന്ന് ഈ നല്ല ദിവസം അങ്ങയുടെ ഓഫീസിലെ ജീവനക്കാർ എല്ലാവരും ചേർന്ന് ഈ അമ്മയ്ക്ക് കൈമാറുകയാണ്. ഇവിടെ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇന്നേ ദിവസം ഞങ്ങൾ നടത്തേണ്ടിയിരുന്ന യാത്ര ചെലവിനായി കരുതിയതാണ് ഈ തുക.

സർ, അങ്ങ് കഴിഞ്ഞ നാളുകളിൽ നടത്തി വന്ന പ്രവർത്തനങ്ങളിൽ നിന്നുണ്ടായ പ്രചോദനമാണ് ഞങ്ങളെ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചത്. അങ്ങയെ വിശ്വസിച്ച ജനങ്ങളെ അങ്ങ് നെഞ്ചോടു ചേർത്തത് നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങൾ. ഈ അമ്മയെ പോലെ ഒട്ടനവധി അമ്മമാരുടെ നെഞ്ചുരുകിയ പ്രാർത്ഥനയാണ് 169153 എന്ന സ്വപ്ന സംഖ്യയിലേക്ക് അങ്ങയുടെ ഭൂരിപക്ഷത്തെ എത്തിച്ചത്.

മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ശക്തിയോടെ ഓഫീസ് കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. ഞങ്ങൾ നടത്തിയ ഈ എളിയ പ്രവർത്തനം ഈ സുദിനത്തിൽ അങ്ങേക്ക് നൽകുന്ന സ്നേഹ സമ്മാനം…

സ്നേഹപൂർവ്വം

ഹൈബി ഈഡൻ എം. പിയുടെ ഓഫീസ്
എറണാകുളം.