നിയമനം റദ്ദാക്കും ; പ്രസ്ഥാനത്തെക്കാള്‍ വലുതായി ഒന്നുമില്ല : ഹൈബിയുടെ തീരുമാനത്തിന് നിറഞ്ഞ കയ്യടി

പ്രവർത്തകരുടെ പ്രയാസം മനസിലാക്കി ഡല്‍ഹിയിലെ സ്റ്റാഫ് നിയമനം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി
ഹൈബി ഈഡന്‍ എം.പി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ ഓരോ പ്രവര്‍ത്തകരും ഹൃദയത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാപിത താത്പര്യക്കാരായ ചിലർ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചെടുത്ത വികാരം യഥാർത്ഥ പാർട്ടി പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലാക്കിയാണ് തന്‍റെ നടപടിയെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

ഡൽഹിയിൽ ലോക്സഭയുമായി ബന്ധപ്പെട്ട ക്ലറിക്കൽ ആവശ്യങ്ങളിൽ സഹായിക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഇത്തരത്തില്‍ പ്രവൃത്തി പരിചയമുള്ള ഒരാളായതിനാലാണ് നിയമിക്കാന്‍ തീരുമാനിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കൽ സഹായിയുടെ തസ്തികയിലേക്കായിരുന്നു നിയമനം. കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകനായി ഏറ്റവും താഴെ തട്ടിൽ നിന്നും പൊതു പ്രവർത്തന ജീവിതം ആരംഭിച്ച താന്‍ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ കീഴിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി തന്‍റെ പൊതുപ്രവർത്തന ജീവിതത്തിൽ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പുലർത്തിയ ആത്മാർത്ഥത കൊണ്ടും പാർട്ടിയിലെ സഹപ്രവർത്തകർ നൽകിയ പിന്തുണ കൊണ്ടും മാത്രമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഇതിന്‍റെ വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താൽപര്യത്തോടെ ചിലർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്ത വൈകാരികതയിൽ യഥാർത്ഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്നത് മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും എന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ പ്രവർത്തകരുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് സതീഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ ഹൈബിയുടെ നിലപാടിന് പൂര്‍ണപിന്തുണയാണ് ലഭിക്കുന്നത്.

ഹൈബി ഈഡന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഡൽഹിയിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദത്തിൽ എന്റെ പ്രതികരണം.

അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസ് പ്രസ്ഥാനം ലോക് സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ദൗത്യം എന്നെ ഏൽപ്പിക്കുന്നത്. നിങ്ങളോരോരുത്തരുടേയും നിസ്വാർത്ഥമായ പരിശ്രമങ്ങളുടെ ഫലമായി വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ ലോക് സഭയിലെത്തുന്നത്. നിങ്ങൾ എന്നിൽ അർപ്പിച്ച പ്രതീക്ഷകൾ നില നിർത്തുക എന്നത് തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.

ഡൽഹിയിൽ, ലോക്സഭയുമായി ബന്ധപ്പെട്ട ക്ലറിക്കൽ ആവശ്യങ്ങളിൽ സഹായിക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഈ സമയത്താണ് സതീഷ് എന്റെ അടുത്തെത്തുന്നത്. സതീഷുമായി സംസാരിച്ചതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഒരാളെന്നാണ് മനസിലാക്കാൻ സാധിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കൽ സഹായിയുടെ തസ്തിക ആയതിനാൽ സതീഷിനെ നിയമിക്കുകയുണ്ടായി. വളരെ കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.

ഒരു കെ.എസ്.യു പ്രവർത്തകനായി ഏറ്റവും താഴെ തട്ടിൽ നിന്നും പൊതു പ്രവർത്തന ജീവിതം ആരംഭിച്ച ഞാൻ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കീഴിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെയാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി എന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഞാൻ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പുലർത്തിയ ആത്മാർത്ഥത കൊണ്ടും പാർട്ടിയിലെ സഹപ്രവർത്തകർ നൽകിയ പിന്തുണ കൊണ്ടും മാത്രമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താൽപര്യത്തോടെ ചിലർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്ത വൈകാരികതയിൽ യഥാർത്ഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിച്ച് കൊണ്ട് സതീഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Hibi Edenstaff appointment
Comments (0)
Add Comment