പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ; ഹൈബി ഈഡൻ എംപി സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി

Jaihind News Bureau
Saturday, February 13, 2021

കൊച്ചി റിഫൈനറിയിൽ വിവിധ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപി സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. പാർലമെന്‍റ് അംഗത്തിന് നൽകേണ്ട എല്ലാ പ്രോട്ടോക്കോൾ മര്യാദകൾക്കും വിരുദ്ധമായി, ഉദ്ഘാടന പരിപാടിയുടെ ഇരിപ്പിടങ്ങൾ ചുരുക്കം ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തി യിരിക്കുകയാണെന്ന് എംപി പറഞ്ഞു.  ഡയസിൽ നിന്ന് കോൺഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് വലിയ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടൂത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്ത് കളിയിലൂടെ സി.പി.എം-ബി.ജെ.പി ബന്ധം മറനീക്കി പുറത്ത് വരികയാണ്‌. പരിപാടി നടക്കുന്ന കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.പി യോ എം.എൽ.എ യോ പോലും ഉൾപ്പെടൂത്തിയിട്ടില്ല.

കൊച്ചി പോർട്ട് ട്രസ്റ്റ് എറണാകുളം വാർഫിൽ നിർമ്മിച്ചിരിക്കുന്ന ഇന്‍റർനാഷണൽ ക്രൂസ് ടെർമിനൽ, കൊച്ചി ഷിപ്പ്യാർഡിന്‍റെ വിഞ്ജാന നൈപുണ്യ പരിശീലന കേന്ദ്രം, ഫാക്ടിന്‌ വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം, വില്ലിംഗ്ടൺ ഐലന്‍റിനെയും ബോൾഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസൽ സമർപ്പണം എന്നിവയാണ്‌ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. രാജ്യത്തെയും എറണാകുളത്തെയും സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതാണ് ഈ പദ്ധതികൾ.  ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തികൾ യാഥാർത്ഥ്യമാക്കുന്നതിൽ യാതൊരു പങ്കോ പ്രവർത്തന അധികാരമോ ഇല്ലാത്ത, മഹാരാഷ്ട്രയിൽ നിന്നുളള രാജ്യസഭാംഗവും കേന്ദ്ര സഹ മന്ത്രിയുമായ വി മുരളീധരനനെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പക്ഷപാതമാണെന്നും എംപി കുറ്റപ്പെടുത്തി.

അഭിമാനകരമായ ഈ പദ്ധതികൾ അനാവരണം ചെയ്യപ്പെടുബോൾ അതിൽ ഭാഗമാകാൻ മണ്ഡലത്തിലെ ജനങ്ങളുടെ ജനപ്രതിനിധിയായ തനിക്ക് അവകാശമുണ്ടെന്നും എംപി ആവശ്യപ്പെട്ടു. അതിനാൽ ഉടനടി പരാതി പരിഗണിക്കണമെന്നും പാലർലമെന്‍ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും നടപടി സ്വീകരിക്കണമെന്നും എംപി കത്തിൽ സൂചിപ്പിച്ചു.