ഇഡിക്ക് തിരിച്ചടി; ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി

 

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീം കോടതി ഇഡിയുടെ ആവശ്യം തള്ളിയത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ ജനുവരി 31-നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റിനു തൊട്ടുമുന്‍പ് അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറനെ പിന്തുണയ്ക്കുകയും ചെയ്തു. എന്‍ഡിഎയിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിന് പിന്നാലെയാണ് ഹേമന്ത് സോറനെതിരെ ഇഡി നടപടി ഉണ്ടായത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ഇഡി നടപടി. തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നും ബെഞ്ച് വിലയിരുത്തി. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Comments (0)
Add Comment