ജാർഖണ്ഡിന്‍റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

 

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറിന് മുന്നില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഝാർഖണ്ഡിന്‍റെ 14ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം . റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജാർഖണ്ഡ് മുക്തി മോർച്ച  നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗാംലിയാല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്. 81 അംഗ നിയമസഭയില്‍ ജെ.എം.എം – കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 56 സീറ്റുകള്‍ നേടിയപ്പോള്‍ എൻഡിഎയ്ക്ക് 24 സീറ്റുകളാണ് ലഭിച്ചത്. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കോങ്കല്‍ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

Comments (0)
Add Comment