വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Jaihind News Bureau
Thursday, April 16, 2020

വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ മാസം ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നാല്‍പത്തിമൂന്നു വിദ്യാര്‍ഥികളാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെ കേരളത്തിലെത്തിയത്.

ഇറ്റലിയിൽ നിന്നും മാര്‍ച്ച് പതിനാലിന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികള്‍ 28 ദിവസം  സൈനികക്യാംപില്‍ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായപ്പോഴേയ്ക്കും രാജ്യം ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയിരുന്നു. ഇതേത്തുടർന്ന്  കേരളത്തിലെക്ക് വരാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വിഷമിച്ച് നില്‍ക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ സഹായം അഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിക്കുന്നത്.

ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിക്കാത്ത ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ ഇടപ്പെട്ടു. നാട്ടിലേക്ക് വരാനുള്ള വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. സംസ്ഥാനങ്ങള്‍ കടക്കാനുള്ള പ്രത്യേക പാസും അടിയന്തരാവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാക്കി, രണ്ടു വാഹനങ്ങളിലായി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിച്ചു.

ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയതിന്റെ സന്തോഷമായിരുന്നു എല്ലാവര്‍ക്കും. നാട്ടിലെത്തിയ ശേഷം വിദ്യാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയെ വിളിച്ച് നന്ദി അറിയിച്ചു.

കേരളത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് ഇറ്റലിയിലേക്ക് പഠനത്തിനും ജോലിക്കുമായി പോയവരാണ് ഇവര്‍.