ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം

Jaihind News Bureau
Sunday, December 1, 2019

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം. ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഇന്ന് മുതൽ നടപ്പാക്കും. 4 വയസിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതിയെ തുടർന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിയ്ക്കും.

ആദ്യഘട്ടത്തിൽ ഏതാനും ദിവസം ഹെൽമറ്റ് ഇല്ലാത്ത യാത്രക്കാരെ ഉപദേശിക്കുകയും ബോധവത്കരിക്കുകയുമാണ് ചെയ്യുക. തുടർന്നാവും പിഴ ഈടാക്കുന്നതിലേക്കു സർക്കാർ കടക്കുക. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ തടയാൻ 85 സ്‌ക്വാഡുകളാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. ക്യാമറകൾ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും.

വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിയമനടപടികൾ കർശനമാക്കിയത്. 2018ൽ 4,303 പേരാണ് കേരളത്തിൽ മാത്രം റോഡ് അപകടങ്ങളിൽ മരിച്ചത്.