ന്യൂഡല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. പരിഷ്കൃത സമൂഹത്തിനും ജനാധിപത്യ രാജ്യത്തിനും ഒരിക്കലും ചേരാത്ത ഹീനകൃത്യമാണ് ട്രംപിന് നേരെ നടന്ന വധശ്രമമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഇന്ത്യ അമേരിക്കന്‍ ജനതയ്ക്ക് ഒപ്പമുണ്ടെന്നും ആക്രമണത്തിനിടെ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ട്രംപിന് പരുക്കേറ്റിരുന്നു. ചെവിക്ക് വെടിയേറ്റ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് റാലിയുടെ സദസിലുണ്ടായിരുന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട മറ്റൊരാള്‍. രണ്ടുപേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.